
ചെങ്ങന്നൂർ: എൺപതു വർഷം പിന്നിട്ട വെൺമണി പഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ പ്രവർത്തനം ആധുനിക രീതിയിൽ നിർമ്മിച്ച പുതിയ മന്ദിരത്തിലേക്ക് മാറുന്നു. സജി ചെറിയാൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ചെലവഴിച്ച് കല്യാത്രയിൽ നിർമ്മിച്ച സാംസ്കാരിക നിലയം നവംബർ രണ്ടിന് ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് ഭരണസംവിധാനം നിലവിൽ വരുന്നതിനു മുമ്പ് 1946-ൽ വെൺമണിലെ പുസ്തകപ്രേമികളായ പ്രമുഖ വ്യക്തികൾ ചേർന്ന് സ്ഥാപിച്ച വായനശാല പിന്നീട് പഞ്ചായത്ത് ഏറ്റെടുത്തു. കല്യാത്ര ജംഗ്ഷനിൽ അന്നത്തെ എൻഎസ്എസ് കരയോഗ മന്ദിരത്തിലായിരുന്നു ഈ വായനശാലയുടെ ആരംഭം. 1990 ൽ പി എം കോശി പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന കാലയളവിൽ നിർമിച്ച കെട്ടിടത്തിലേക്ക് വായനശാല മാറ്റി സ്ഥാപിച്ചു.9000 ലേറെ പുസ്തകളും 1855 അംഗങ്ങളുമുള്ള വായനശാലയ്ക്ക് സ്ഥല
പരിമിതിമൂലം പ്രവർത്തനത്തിൽ പോരായ്മകൾ ഉണ്ടായി. ഈ സാഹചര്യത്തിലാണ് വെൺമണിയുടെ ഹൃദയഭാഗത്ത് സാംസ്കാരിക നിലയം നിർമ്മിക്കുന്നതിനായി പ്രാദേശിക വികസന ഫണ്ടിൽ നിന്നും മന്ത്രി സജി ചെറിയാൻ തുക അനുവദിച്ചത്. 1400 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ രണ്ടു നിലകളിലായാണ് മന്ദിരം നിർമ്മിച്ചത്. മനോഹരമായ ലൈബ്രറി മന്ദിരം നവംബർ രണ്ട് വൈകിട്ട് ആറിന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻ്റ് ടി സി സുനിമോൾ അധ്യക്ഷയാകും.
ഫോട്ടോ > നവംബർ രണ്ടിന് ഉദ്ഘാടനം ചെയ്യുന്ന വെൺമണി സാംസ്കാരിക നിലയത്തിൻ്റെ പുതിയതായി നിർമ്മിച്ച കെട്ടിടം











